തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ വൻ തർക്കവും നാടകീയ രംഗങ്ങളും. കോടതി വിധിയുമായി ഔദ്യോഗികമായി ചുമതലയേൽക്കാൻ എത്തിയ മുൻ ഡിഎച്ച്എസ് ഡോ. റീനയ്ക്ക് കസേര വിട്ടുനൽകാൻ നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷി കൂട്ടാക്കാതിരുന്നതാണ് സ്ഥിതി വഷളാക്കിയത്. തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി.
മുൻപ് ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി വളപ്പിലുള്ള ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയത്.
വിധി പ്രകാരം തനിക്ക് ഔദ്യോഗിക കസേരയിൽ ഇരുന്ന് ചുമതലയേൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ ഡിഎച്ച്എസ് ആയ ഡോ. മീനാക്ഷി കസേരയിൽ നിന്നും മാറാൻ തയാറായില്ല.
സർക്കാരിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരവോ നിർദ്ദേശമോ ലഭിക്കാതെ താൻ കസേര ഒഴിഞ്ഞുതരില്ലെന്ന നിലപാടിൽ ഡോ. മീനാക്ഷി ഉറച്ചുനിന്നു. രണ്ടുപേരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ഓഫീസിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തുടർന്ന് ഡോ. മീനാക്ഷി പോലീസിന്‍റെ സഹായം തേടുകയും തനിക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവരുമായും ചർച്ച നടത്തുകയാണ്. സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ കസേര തർക്കത്തിന് പരിഹാരമാകൂ.